Thursday, December 27, 2012

നിരര്‍ത്ഥകം



ഇവിടെ ഈ കോണ്ക്രീറ്റ് മരങ്ങള്‍
തരുന്ന തണലില്‍ ഒളിച് ഇനി എത്രനാള്‍
ആരോ കറക്കി എറിഞ്ഞ ബുമറാങ് പോല
ജീവന്‍ പിടഞ്ഞു പായുന്നു

വന്നകാലവും പോയകാലങ്ങളും മറന്നു
"മറവി"അത് നല്ലതാണെന്ന് തോന്നി
ചിന്തകളും കോണ്ക്രീറ്റ് മരങ്ങളും
വളര്‍ന്നുകൊണ്ടിരുന്നു ഞാന്‍ അറിഞ്ഞും അറിയാതയും

പിന്തിരിയുമ്പോള്‍ പിന്നിട്ട ചെമ്മണ്‍ പാതയിലും
ടാര്‍ വീപ്പയിലെ കരി പടര്‍ന്നിരുന്നു
കാലം ഓടിപോയ ദിശ കണ്മുന്‍പില്‍ മറഞ്ഞിരിക്കുന്നു
അകലെ ഇടവിട്ട് മണി മുഴങ്ങികൊണ്ടിരുന്നു
എനിക്കും പോകാന്‍ സമയമായി എന്നറിയിച്ച്

ആത്മാവ് ഉപേക്ഷിച്ച് മുന്നെ പോയത്
ജീവന് വേണ്ടിയായിരുന്നു
പഷേ ഇന്ന് ഞാന്‍ പോകുംവഴിയെത്താന്‍
ജീവനുമാവില്ല

Monday, December 24, 2012

മൗനം തേങ്ങുമ്പോള്‍




മൗനം  പൂക്കുന്നു സരയുതന്‍ തീരങ്ങളില്‍
വിതുമ്പുന്നു മൗനം  സരയുതന്‍ ഓളങ്ങളില്‍
മൗനം പിടയുന്നു സരയുതന്‍ ഗര്‍ഭ ഗര്‍ത്തങ്ങളില്‍ 
ഉഴലുന്നു മൗനം സരയുതന്‍ ജഡാനിബിഡ ചുഴികളില്‍

ചുരുളഴിയാത്ത പൊരുളിന്‍ ഇഴ പിരിയുന്നതും കാത്ത്
കാലങ്ങളായ്  മൂക ധ്യാനമായ്  ഈ  സാകേതപുരിയില്‍ 
തപം ചെയ്തിരിപ്പു  ഞാന്‍ ഏകയായ്‌ 
എന്റെ വിശുദ്ധിയില്‍ മലയജം അണിയുവാന്‍

ന്നെ പുല്‍കി പുണര്‍ന്നലിഞ്ഞതെന്തെന്‍ രഘുരാമന്‍
രാജ്യം മറന്നു മറഞ്ഞതെങ്ങെന്‍ ദേവാംശ സംഭവന്‍
നിന്നില്‍ ലയിക്കേണ്ടവളില്‍ നീ മൂക ജഡരമായി
സ്വയം ത്വജിച്ചതെന്തിനോ ?

നിന്‍ വിരല്‍ സ്പര്‍ശന രസമാത്രയില്‍
ശില വിട്ടകന്നൊരു ഗൗതമപത്നി പോല്‍
നിന്‍ മോക്ഷസ്പര്‍ശത്തിനായ്  
തപം ചെയ്‌തിരുന്ന ,ഞാനറിയാതെ എന്‍
താരുണ്യ സ്നിഗ്ദ്ധമാം ഓളങ്ങളില്‍
നിന്റെ വ്യഥകള്‍ ഒളിപ്പിച്ചു ദേഹിയായ് മാറുമ്പോള്‍
നീ അറിയാതെ ഞാന്‍ പാപിയായ് തീര്‍ന്നുവോ
നിന്‍ പ്രാണന്‍ എടുത്ത ഹീനയായ് മാറിയോ ?

നിനക്ക് മുക്തി തന്‍ പുണ്യം തളിച്ച ഞാന്‍ എങ്ങിനെ പാപിയാകും
നിന്‍ പ്രാണന്റെ ഗന്ധം പേറും   ഞാന്‍ എങ്ങിനെ അധമയാകും
കാലങ്ങളായ്  നിന്‍ പ്രജകള്‍ തന്‍ പഴിയേറ്റു തപിക്കുമെന്‍
മൗന പുഷ്പ്പങ്ങള്‍ നീ കാണാതെ പോകയോ

നി എന്റെ മോക്ഷത്തിനൊരു പുതു നീരുറവുമായ് 
അണയുന്നതാരെന്നു അറിയാതൊഴുകുന്നു ഞാനിന്നും 
ഉത്തരം കിട്ടാത്ത ചോദ്യ ശരങ്ങളെ തീവ്ര മൗനമാം
ഗാണ്ഡീവച്ചുഴികളില്‍ ഒളിപ്പിച്ച്

Wednesday, November 28, 2012

മാ നിഷാദ



രാവിന്‍ നേര്‍ത്ത വിതുമ്പലായ്
ഇരുളില്‍ തുലാ മഴ ശ്രുതി തെറ്റി വീണു.
മഴ നൂല്‍ ചില്ലയില്‍ ഊയലാടി നനുത്ത-
ശീതമായ്  അരികില്‍ നീ അണഞ്ഞു
കാണാകരങ്ങളാല്‍ മെല്ലെ തഴുകി നീ
ഓര്‍മ്മതന്‍ നൊമ്പര ചെപ്പ് മെല്ലെ തുറന്നു 

രുളില്‍ തനിച്ചാക്കി നീ പോയ ദിശ നോക്കി
നില്‍ക്കെ ഹൃദയം നുറുങ്ങി
മഴ വീണു കുതിര്‍ന്നൊരു മണ്ണില്‍ ന്നിന്നുയരുന്നു
നിന്റെ ചുടു ചോരതന്‍ ഗന്ധം
മനം പുരട്ടുന്നു . എന്റെ ഹൃദയം നിലയ്ക്കുന്നോ ?
ഇരുള്‍ മൂടുന്നതോര്‍മ്മകള്‍ക്കുള്ളിലോ

പ്രാണന്റെ പ്രാണനായ് നിന്റെ കരം പിടിച്ചീപ്പടി
കേറിയ നാള്‍ തൊട്ടു നിന്നെ ഞാന്‍ ഒരു വേള , ഒരു മാത്ര
ഒരു കാല്‍ക്ഷണത്തിലും പിരിഞ്ഞതില്ലോമനെ ചിന്തകളില്‍ പോലും
ഒന്നായ് ചരിച്ചു നാം ജീവിത പാതയില്‍
ഒന്നായ് കുതിച്ചു നാം നിന്റെ ദര്‍ശനങ്ങളാല്‍

ജേഷ്ഠ ഭാവം പൂണ്ട രാഷ്ട്രീയ ധ്വംസകര്‍ക്കൊക്കാത്ത
നിന്റെ നൂതന തത്വ ശാസ്ത്രങ്ങളെ
ഒന്നായ് എരിക്കുവാന്‍ കനല്‍ നിറച്ചന്നവര്‍
മൂഡ മനസ്സുകള്‍ക്കുള്ളിലെ വൈരാഗ്യ പൊന്തയില്‍
കഥയറിയാത്തവര്‍ കത്തി വേഷം കെട്ടി ആടുന്നു
നിന്റെ ഉടലു പിളര്‍ക്കുവാന്‍

ര്‍മകള്‍ക്ക് അര്‍ദ്ധവിരമമായ് ഇടിയും മിന്നലും
പുളയ്ക്കുന്നു മാനത്ത് . കണ്ണടച്ചു പിടിക്കാന്‍ ശ്രമിക്കവേ
കണ്ണിന്‍ മുന്നില്‍ മുറിവേറ്റു തിണര്‍ത്തു മരവിച്ച നിന്‍ മുഖം

വീണ്ടും ഓര്‍മയിലേക്ക് ..

നിന്റെ സ്വപ്നങ്ങള്‍ക്ക് ബലി ചോറുട്ടുവാന്‍
കോപ്പുകള്‍ കൂട്ടി ഒരുങ്ങി നടന്നവര്‍
നീ തീര്‍ത്ത ചിന്തകള്‍ ചിതയില്‍ എരിക്കുവാന്‍
കാലങ്ങളായി കരുതി ഇരുന്നവര്‍
കാലനു കപ്പം കൊടുത്തവര്‍ നേടിയ
കാലപാശം കൊണ്ട് വലകള്‍ കൊരുത്തവര്‍
ജന്മ ബന്ധങ്ങള്‍ തന്‍ അര്‍ത്ഥമറിയാത്ത
നൈഷാദാ ജന്മങ്ങള്‍ തീര്‍ത്ത കൊടും പാടുകള്‍
ആ മുറിപാടുകള്‍ എന്നില്‍ വിലയിച്ച നിന്‍
ചിന്തകളില്‍ രക്തം കിനിക്കുന്നു, അവയെന്റെ കൂട്ടിനെത്തുന്നു .
നിന്റെ ലക്ഷ്യങ്ങള്‍ക്ക് പുതു വഴിത്താരയില്‍ അവയെന്നെ അനുഗമിക്കുന്നു

ങ്കിലും ഞാനിന്നു ഏകയാണ്
കാലചക്രം ചാര്‍ത്തിയ പുതിയ പട്ടത്തില്‍
ഞാനിന്നു വിധവയാണ്
എന്നിണയെ അരും കൊല ചെയ്തു നിങ്ങള്‍
കാട്ടാള ജന്മങ്ങള്‍ ജാതകം തിരുത്തുമ്പോള്‍
ഇനിയൊരു "മാ നിഷാദ" ആരു പാടും

Wednesday, November 14, 2012

ഉത്തരമില്ലാത്തവ ?





അവര്‍ തമ്മില്‍ എന്തായിരുന്നു
അറിയില്ല
--
ഇഷ്ട്ടം
അറിയില്ല
--
പ്രണയം
അറിയില്ല
ഒരു വികാരം
--
കാണുംബോള്‍ മിഴികള്‍
നിഴലുകള്‍ ആകാന്‍ ശ്രമിച്ചു
മിഴികളില്‍നിന്ന്‍ വികാരം ചിന്തയിലേക്ക് കുടിയേറി
ഒടുവില്‍ ഹൃദയത്തില്‍ പടര്‍ന്നു

അപ്പോള്‍ അത് പഴുത്തിട്ടുണ്ടായിരുന്നു
ഹൃദയത്തിന്‍ കനി
അത് മുകരാന്‍ കൊതിച്ചവര്‍
പങ്കിട്ട് എടുത്തു

കുറച്ചു മാറ്റിവെച്ചു നാളേക്ക് വേണ്ടി
പഴകും തോറും അതിനു വീര്യമേറി
മുന്തിരി ചാറുപോല്‍

ഒടുവില്‍ മരണം എത്തി അവളെയും തേടി
പിരിയാന്‍ വയ്യ
അവിടെയും ഒരുമിക്കാന്‍
മുന്തിരിച്ചാറില്‍ വിഷം കലര്‍ത്തി

പ്രകൃതി

























നീ എന്നെ പ്രണയിക്കുകയായിരുന്നോ
നീ ഒന്നും പറഞ്ഞില്ല

എന്റെ ഓരോ ഭാവങ്ങളും നിനക്കറിയാമായിരുന്നു
അവയൊക്കെ നീ വര്‍ണ്ണ പട്ടംമ്പരങ്ങള്‍ നെയ്തിരുന്നു
കാലങ്ങളായ് നാം അറിഞ്ഞു തുടങ്ങിയിട്ട് . എന്നിട്ടും
നീ പറഞ്ഞില്ല

ഇഷ്ടമാണെന്ന്

സ്ത്രി എന്ന ആവരണം എനിക്കുള്ളപ്പോള്‍
ഞാന്‍ എല്ലാം ഉള്ളിലൊതുക്കണം
നിന്റെ അവഗണനയെ പോലും

നിന്റെ വിഭിന്ന വികാരങ്ങള്‍ക്ക് അടിപെട്ട്
കാലങ്ങളോളം
ഞാന്‍ സര്‍വ്വംസഹ

ന്റെ പരിഭവങ്ങള്‍ക്ക് നീ
മുഖം നല്‍ക്കാതെ അകലുമ്പോഴും
ശൂന്യത തന്‍ ഇരുണ്ട ശൈത്യത്തില്‍ കുതിര്‍ന്ന്
നിന്നെയും കാത്ത് വീണ്ടും പുലരിവരെ
.

കാലത്തിനു നീ സാക്ഷി എങ്കിലും
നിന്റെ ഓരോ സ്പര്‍ശവും അറിഞ്ഞു പ്രകൃതിയായ്
നിനക്ക് സാക്ഷിയായ് ഞാനും


Saturday, November 19, 2011

എന്തിനാണെന്നെ നഗ്നയാക്കിയത്‌




















എല്ലാവരും പറഞ്ഞു ഒരു സുന്ദരി കുട്ടി തന്നെ ............

പിറവിയെടുത്ത നാള്‍ അനുമോദനങ്ങളുടെ ഒരു പ്രവാഹം തന്നെ ആയിരുന്നു എന്റെ
സ്രഷ്ട്ടാവായ അദേഹത്തിന് ലഭിച്ചത് ..അദ്ദേഹം എന്നില്‍ അഭിമാനം
കൊണ്ടിരിക്കും ..എന്റെ മകള്‍ സുന്ദരി തന്നെ ..
ആര് കണ്ടാലും എന്നെ നോക്കി നില്‍ക്കാരുണ്ടായിരുന്നു ..അന്നൊക്കെ എനിക്ക്
കൌതുകം ആയിരുന്നു ....(.കുട്ടിയല്ലേ )...മാറി മാറി വരുന്ന മുഖങ്ങള്‍
എന്നില്‍ അദ്ഭുതം നിറച്ചു ......എന്നെ പോലുള്ളവര്‍ എന്ന തിരിച്ചറിവ്‌



എനിക്കേറെ സന്തോഷം ഉളവാക്കി ..

ആളുകള്‍ വന്നും പോയും കാലം പോയ്ക്കൊണ്ടേ ഇരുന്നു

ബാല്യത്തില്‍ നിന്നെന്നെ കൌമാരത്തില്‍ എത്തിക്കാന്‍ കാലം അമാന്തം
കാണിച്ചില്ല.മാറി മാറി വരുന്നവരുടെ മുഖങ്ങളിലെ ഭാവവിത്യസങ്ങള്‍ ഞാന്‍
തിരിച്ചറിഞ്ഞു തുടങ്ങി ..
ഞാന്‍ അത്ര സുന്ദരി ആയതു കൊണ്ടാവാം എന്നെ കാണുന്നവരുടെ എണ്ണവും കൂടികൊണ്ടിരുന്നു .
അവരില്‍ പലരുടെയും കണ്ണില്‍ മിന്നി മായുന്ന വികാരങ്ങളുടെ വേലിയേറ്റം,
മുഖങ്ങളിലെ ഭാവം എന്നെ അസ്വസ്ഥയാക്കി .അവരുടെ കണ്ണിലെ അഗ്നി
സൂര്യാതപത്തിലേറെ എന്നെ പൊള്ളിച്ചിരുന്നു .

ആ ചുഴിഞ്ഞുള്ള നോട്ടം എന്നെ പേടിപ്പെടുത്തി
അന്ന് ഞാന്‍ അറിഞ്ഞു ഞാന്‍ നഗ്നയാണ്‌ .കൈകള്‍ മാറില്‍ പിണച്ചു നാണം മറയ്ക്കാന്‍ ഞാന്‍ പലപ്പോഴും പാടുപെടുന്നുണ്ടായിരുന്നു ..
ഒരു തുണ്ട് ചേലക്കായ്‌ ഞാന്‍ കൊതിച്ചു ..ജന്മം തന്നയാള്‍ മകളുടെ മാനത്തിനു കാവലായില്ലല്ലോ
മനസ്സ് പിടയ്ക്കുന്നുണ്ടായിരുന്നു .....

ഇരുട്ടിനെ എനിക്ക് ഭയമായിരുന്നു ....പകലിലെ കഴുകന്‍ കണ്ണുകള്‍ ഇരുളില്‍ എന്മേല്‍ ചാടി വീണെങ്കിലോ ..
ദൈവമേ ...എന്തിനാണെന്നെ നഗ്നയാക്കിയത്‌ .....കാറ്റില്‍ ഉയര്‍ന്നു വരുന്ന
മണല്‍ത്തരികള്‍ എന്നെ മൂടിയിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിച്ചു
നെഞ്ചിലെ തേങ്ങല്‍ കേട്ടിട്ടാവണം .....കടലമ്മയെന്നോട് പറഞ്ഞു ഇനിയുമൊരു സുനാമി കൈകളാല്‍ നിന്നെ ഞാന്‍ കാക്കും .........

അക്ഷര തെറ്റുകള്‍ ദയവായി ക്ഷമിക്കണം